2014, ഫെബ്രുവരി 7, വെള്ളിയാഴ്‌ച


അവൾ  വേശ്യയോ 

അകലെയായി  സൂര്യകിരണങ്ങൾ 
തുഷാരബിന്ദുവിൽ  പതിയെതഴുകി 
പുതിയൊരുഷസ്സിൻ ഉന്മാദവുമായി 
കണ്‍തുറക്കുന്നു  തെരുവിൻ  വഴിയോരങ്ങൾ 
പറയൂ തോഴി  നിൻ  മിഴികളിൽ  നിഴലിലായി 
മറയുന്നതെന്തോ ഉന്മേഷമോ  അതോ  നഷ്ടബോധമോ 
നവ്യരസത്തിൻ  സുഖം  നുകരാൻ  പ്രഭാതമുണരവേ 
നീയുണർന്നത്  നിൻ  മേനി  തൻ  കഥകളിലാടാനോ 
മഹത്തരമായൊരു ചെയ്തികളോന്നുമേ 
ചെയ്തിട്ടിലൊരുനാളിലും 
മഹാന്മാർ  തൻ  ചരിത്രം  ആരുമോതിയതുമില്ല 
തൻ  കഥകളിൽ നിറങ്ങൾ  ചാലിച്ച  ഈ  പെണ്‍കൊടി 
തൻ  ജന്മം  മഹത്തരമാക്കാതിരിക്കുന്നതെങ്ങനെ  ചൊൽക  നിങ്ങൾ 
ആരോരുമില്ലാതെ  ആരാരുമറിയാതെ 
എന്നോ  ഉദിച്ചുയർന്ന താരകം 
ശോഭമങ്ങാതെ  ആഴിയിലലിയാതെ 
ഇന്നുമുരുകുന്നു  തീനാളമായി  
അഴുക്കുചാലിൻ  മണംപറ്റി  വളർന്ന ബാല്യവും 
പൊരിയും  വയറിൻ  വേദനയേറും  രാവും 
കു‌ടെപിറപ്പായി  കൂടിയൊരു ഏകാന്തതയിൽ 
കൊതിച്ചതവൾ  പൊതിച്ചോറിനോ  ദയവിനോ ..
എന്നോ മൊട്ടിട്ട മുകുളങ്ങൾ 
തട്ടിപറിക്കുവാനെത്തി  കഴുകന്മാർ 
വളരുന്ന  മേനിതൻ  നഗ്നതയിൽ 
കണ്‍നട്ടു  കാമപിശാചുക്കൾ 
ഏതോ  രാത്രിതൻ  ഇരുട്ടിലായി 
ഏതോ  കരങ്ങളിൽ  കളിപാവയായി 
നീറും  വേദനകൾ  കടിച്ചമർത്തി 
തെരുവിൻ  നിശബ്ദതയിൽ  അലിഞ്ഞുപോയ്‌  രോദനം 
പിന്നെത്രത്രെ  രാത്രികൾ --
എത്രെത്ര കരങ്ങളിൽ  നിൻ  മേനി  തഴുകി 
പുലരിയുണരുംമുമ്പേ  വിട്ടവർ --അവൾ  ഏകയായി 
മടിയിൽ  പിച്ചകാശുമായ് .
മറയുന്ന  നിഴലുകളിൽ  എണ്ണം  തെറ്റിയപ്പോൾ 
വേശ്യയെന്നോമന  പേർചൊല്ലി  തെരുവുകൾ 
നനുത്തമുടിയിലെ  മുല്ലപൂഗന്ധവും 
പാതിമറിച്ചൊരാ  മാറിൻ  തുടിപ്പും 
വിളിച്ചോതി  ആ  പേർ  വഴിയോരങ്ങളിലെല്ലാമേ 
കാലമേറെ  കടന്നങ്ങുപോകിലും 
മാഞ്ഞില്ല  ആ  പേരിൻ  ' സൗകുമാര്യം '
ജടകളാകെ  വെള്ളിനിരകളായി 
മേനി  ചുക്കിചുളിഞ്ഞുപ്പോയ് 
മടിശീലയിൽ  നാണയതുട്ടുകളില്ലാതെ 
പശികൊണ്ടലഞ്ഞു  ആ  ദുർബലദേഹം 
സ്ത്രീ  അബലയെന്നോതിയ  കവിയോട് 
അബലനാമൊരുകുലം  മനുജനെന്നോതി 
ആ  ജന്മം  ഓടയിൽ  യാത്രയായി 
ആരാരുമെത്തിയില്ലൊരു  പൂചെണ്ടുമായി 
മാവുകളൊന്നും മുറിച്ചേതുമില്ല 
താരകങ്ങൾ  സാക്ഷിയായി  പുഴുവരിച്ചോടയിൽ 
നിത്യശാന്തിയണയുന്നു  ആ  പാഴ്ജന്മം ..





അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ