2014, ഫെബ്രുവരി 14, വെള്ളിയാഴ്‌ച

ഇതും  എന്റ്റെയല്ല .... credits to my friend..


പിതൃപൂജ 

അറിവുമോർമയുമുറയ്ക്കുന്നതിൻ  മുൻപ് 
കാൽവഴുതാതെ  നടക്കാൻ  പഠിച്ചതിൻ  മുൻപ് 
അക്കങ്ങളുമക്ഷരങ്ങളും  കണ്ടതിനും  മുൻപ് 
ഇളതാം  എൻ  മനതാരിൽ  മൊട്ടിട്ടതാണീ  സ്നേഹം 

തോളത്തെടുത്ത്  താലോലിച്ചതും  മമ --
മാറിൽ  സുരക്ഷിത  സ്ഥാനം  തന്നതും 
നാവിൽ  പൊന്നിൻ കരണ്ടി  തൊട്ടതും 
ഇന്നലെയെന്നപോൽ ഓർക്കുന്നു  ഞാൻ 

ബലിഷ്ഠ കരങ്ങളാലെൻ  കൈത്തണ്ട  പിടിച്ചു 
നടത്തിയ  താതാ, അറിവിൻ  ലോകത്തേക്കു 
പിച്ചവയ്പിച്ച  താവകപാണികൾ 
തന്നെ  ഇന്നുമെൻ  സമ്പത്തും  കരുത്തും.

പിന്തുടരുമെന്നും  ഞാനാ  കാലടിപാടുകൾ 
ആ  ജീവിതം  തന്നെയെൻ  പാഠപുസ്തകം 
നല്കാം  ഞാനെൻ  ജീവനും  ശ്വാസവും 
അവിടുത്തെ  സൗഖ്യജീവിതത്തിനായി 

തമസിലെൻ  മാർഗം  തെളിച്ചു തന്നതും 
ആത്മാവിൽ  വിശ്വാസദീപം  പകർന്നതും 
അക്ഷൗഹിണികൾ  ചുറ്റും  നിരന്നപ്പോൾ 
ധൈര്യം  പകർന്നതും  ആ  വചസ്സുകളല്ലോ 

മനസ്സിൽ  വിങ്ങി  നില്ക്കും  നന്ദിയും 
കരുതലും  സ്നേഹവും  പറയാൻ  താതാ ,
അശക്തമീ  ജിഹ്വ, അപര്യാപ്തമീ  ഭാഷ 
എന്നുമെന്നും  മിഴികളിൽ  നിറയുന്നു  മമ  രൂപം  ചേതോഹരം 

തണുപ്പിൻ  കഞ്ചുകങ്ങൾ  പുതച്ചു 
ലോകമുറങ്ങുമ്പോൾ  കുറിക്കുന്നു  ഞാനെൻ  ദക്ഷിണ 
നീ  തന്നെ , നീ തന്നെ  നീ  തന്നെ  ജനകാ 
ഈ  ഭൂവിലെൻ  സൗഭാഗ്യസുവർണതാരകം ..

Rony George Thottakkara

2014, ഫെബ്രുവരി 13, വ്യാഴാഴ്‌ച

ഇത്  എൻറ്റെയല്ല ....From my friend 



വിരഹം 

പച്ചിലച്ചാർത്തിനാൽ  അർച്ചിതമായൊരാ-
നാട്ടുവഴിയിൽ  ഞാൻ  കാത്തുനിൽക്കേ 
മുഗ്ധമാമെൻ  മനോമുകുരത്തിൽ  വീണ്ടും 
നിൻ  താളനിബദ്ധമാം  പദനിസ്വനം. 

നിൻറ്റെ  ചേതോഹര മോഹനകപോലങ്ങളിൽ 
ഞാനംഗുലികളാലൊരു  ചിത്രം  തീർക്കേ 
താവകചിത്തത്തിൽ, ആ  നീർമിഴിക്കോണിൽ 
കാണുന്നു  ഞാൻ  മമ  സ്നേഹരൂപം.

പ്രണയത്തിൻ  കുളിരെവിടെ; വിരഹത്തിൻ  നോവെവിടെ 
പിന്നിട്ട   വഴികളെ   സാർഥമാക്കാൻ 
ഒരു  ജന്മം  നീന്നെയെൻ  സ്വന്തമാക്കീടുവാൻ 
ഇനിയും  ഞാൻ  ഭൂവിൽ  ജന്മം  നേടും!

ആകാശനീലിമയിൽ  ചാലിച്ചെടുത്ത  നിൻ 
മിഴികളിന്നെന്നോടു  വിട  ചൊല്ലവേ,
അറിയുന്നു  ഞാനിന്നു, ദുഖഭരിതമാണെപ്പോഴും 
ധരണിയിൽ  മനുജന്റ്റെ  ജീവയാനം .

പിരിയുമീ  സന്ധ്യയിൽ, പൊഴിയുമീ  പൂക്കളാൽ 
തീർത്തിടാം  നിനക്കു  ഞാൻ  സ്നേഹാഞ്ജലി,
മധുകണമൂറും  നിന്നധരങ്ങൾ  കാണ്‍കെ 
ഞാൻ  സ്മരണതൻ  കൂപത്തിൽ  വീണുപോകും.

ദുഖസാന്ദ്രമാം  ഓർമതൻ  വീഥിയിൽ 
ഒറ്റയ്ക്ക്  ഞാൻ  വീണ്ടും  യാത്ര  പോകെ ,
ലാവണ്യമോലും  നിൻ  നയനങ്ങൾ  കാണ്‍കെ 
എൻ  മനം  ആഹ്ലാദസ്തബ്ധമാകും.

രാകിളി  മീട്ടുന്ന  ശോകഗാനത്തിനും 
പ്രകൃതിതൻ  മിഴിനീരായി 
പൊഴിയുമീ  വൃഷ്ടിക്കും  പിന്നിലെ 
ചേതോവികാരവും  വിരഹമാകാം.

നൊമ്പരപൂക്കൾ  ചൂടിനിൽക്കുമീ 
ദേവദാരുക്കളിന്നെന്നെ  നോക്കി 
പറയുവതെല്ലാം  വേർപാടുകൾ 
തൻ  വേദന  തുളുമ്പും  കഥകളാവാം.

ഇനിയില്ല  സന്ധ്യകൾ ; ഇനിയില്ല  രജനികൾ 
നമ്മുടെ  ഭാഷണം  നോക്കി  നിൽക്കാൻ 
വിരഹമെൻ  ചിത്തത്തിലിരുൾ  വീഴ്ത്തിടുമ്പോൾ 
ഞാൻ  ജനിമൃതികളറിയാതെ  പോകും ;
               ഞാൻ  ജനിമൃതികളറിയാതെ  പോകും ...


Rony George Thottakkara

2014, ഫെബ്രുവരി 7, വെള്ളിയാഴ്‌ച


അവൾ  വേശ്യയോ 

അകലെയായി  സൂര്യകിരണങ്ങൾ 
തുഷാരബിന്ദുവിൽ  പതിയെതഴുകി 
പുതിയൊരുഷസ്സിൻ ഉന്മാദവുമായി 
കണ്‍തുറക്കുന്നു  തെരുവിൻ  വഴിയോരങ്ങൾ 
പറയൂ തോഴി  നിൻ  മിഴികളിൽ  നിഴലിലായി 
മറയുന്നതെന്തോ ഉന്മേഷമോ  അതോ  നഷ്ടബോധമോ 
നവ്യരസത്തിൻ  സുഖം  നുകരാൻ  പ്രഭാതമുണരവേ 
നീയുണർന്നത്  നിൻ  മേനി  തൻ  കഥകളിലാടാനോ 
മഹത്തരമായൊരു ചെയ്തികളോന്നുമേ 
ചെയ്തിട്ടിലൊരുനാളിലും 
മഹാന്മാർ  തൻ  ചരിത്രം  ആരുമോതിയതുമില്ല 
തൻ  കഥകളിൽ നിറങ്ങൾ  ചാലിച്ച  ഈ  പെണ്‍കൊടി 
തൻ  ജന്മം  മഹത്തരമാക്കാതിരിക്കുന്നതെങ്ങനെ  ചൊൽക  നിങ്ങൾ 
ആരോരുമില്ലാതെ  ആരാരുമറിയാതെ 
എന്നോ  ഉദിച്ചുയർന്ന താരകം 
ശോഭമങ്ങാതെ  ആഴിയിലലിയാതെ 
ഇന്നുമുരുകുന്നു  തീനാളമായി  
അഴുക്കുചാലിൻ  മണംപറ്റി  വളർന്ന ബാല്യവും 
പൊരിയും  വയറിൻ  വേദനയേറും  രാവും 
കു‌ടെപിറപ്പായി  കൂടിയൊരു ഏകാന്തതയിൽ 
കൊതിച്ചതവൾ  പൊതിച്ചോറിനോ  ദയവിനോ ..
എന്നോ മൊട്ടിട്ട മുകുളങ്ങൾ 
തട്ടിപറിക്കുവാനെത്തി  കഴുകന്മാർ 
വളരുന്ന  മേനിതൻ  നഗ്നതയിൽ 
കണ്‍നട്ടു  കാമപിശാചുക്കൾ 
ഏതോ  രാത്രിതൻ  ഇരുട്ടിലായി 
ഏതോ  കരങ്ങളിൽ  കളിപാവയായി 
നീറും  വേദനകൾ  കടിച്ചമർത്തി 
തെരുവിൻ  നിശബ്ദതയിൽ  അലിഞ്ഞുപോയ്‌  രോദനം 
പിന്നെത്രത്രെ  രാത്രികൾ --
എത്രെത്ര കരങ്ങളിൽ  നിൻ  മേനി  തഴുകി 
പുലരിയുണരുംമുമ്പേ  വിട്ടവർ --അവൾ  ഏകയായി 
മടിയിൽ  പിച്ചകാശുമായ് .
മറയുന്ന  നിഴലുകളിൽ  എണ്ണം  തെറ്റിയപ്പോൾ 
വേശ്യയെന്നോമന  പേർചൊല്ലി  തെരുവുകൾ 
നനുത്തമുടിയിലെ  മുല്ലപൂഗന്ധവും 
പാതിമറിച്ചൊരാ  മാറിൻ  തുടിപ്പും 
വിളിച്ചോതി  ആ  പേർ  വഴിയോരങ്ങളിലെല്ലാമേ 
കാലമേറെ  കടന്നങ്ങുപോകിലും 
മാഞ്ഞില്ല  ആ  പേരിൻ  ' സൗകുമാര്യം '
ജടകളാകെ  വെള്ളിനിരകളായി 
മേനി  ചുക്കിചുളിഞ്ഞുപ്പോയ് 
മടിശീലയിൽ  നാണയതുട്ടുകളില്ലാതെ 
പശികൊണ്ടലഞ്ഞു  ആ  ദുർബലദേഹം 
സ്ത്രീ  അബലയെന്നോതിയ  കവിയോട് 
അബലനാമൊരുകുലം  മനുജനെന്നോതി 
ആ  ജന്മം  ഓടയിൽ  യാത്രയായി 
ആരാരുമെത്തിയില്ലൊരു  പൂചെണ്ടുമായി 
മാവുകളൊന്നും മുറിച്ചേതുമില്ല 
താരകങ്ങൾ  സാക്ഷിയായി  പുഴുവരിച്ചോടയിൽ 
നിത്യശാന്തിയണയുന്നു  ആ  പാഴ്ജന്മം ..





2014, ഫെബ്രുവരി 2, ഞായറാഴ്‌ച

                        
                         
                                       
                           
                                  

നിശബ്ദമാകുമീ  മനസ്സിൻ  മരുഭൂവിലായ് 
ഒരു  തെളിനീർച്ചോല  പോൽ  നീ  എന്നരികെ 
സ്നേഹത്തിൻ  നിർവചനങ്ങളിൽ 
 വിഭിന്നമാകുമൊരു  സ്നേഹബന്ധംപോൽ 

അറിയാതെ  അറിഞ്ഞോരാ  മൃദുസ്പർശവും 
വായിക്കാതെ  വായിച്ചോരാ  മനസ്സിൻ ഈണവും 
അപരിചിതമാകുമൊരു  വീഥിയിലന്നാദ്യമായി 
തളിരിട്ട  പരിചിതമാം  സൗഹൃദം  സാഹോദര്യമായി 
ഇന്നിതൾ  വിരിക്കും  വസന്തപുഷ്പ്പമേ  
കൊഴിയാതെ  വാടാതെ  നിൽക്കുവാൻ  എന്തു  ഞാൻ  തരേണ്ടു 

കുഞ്ഞുനാളിലെ  ചെറുമോഹങ്ങളിൽ  ഉദിച്ചോരാ  രൂപവും 
ഇളംമഞ്ഞിലായി  സ്വപ്നം  കണ്ടൊരാ ഹൃദയവും 
നിൻ  മുഖധാരയിൽ  ലയിച്ചതെങ്ങനെയെന്നറിയാതെ 
ആശ്ചര്യപൂർവ്വം  നന്ദി  പറയവെ 
ഒരു ശങ്ക മാത്രം  ഈ  വസന്തം  പൊലിയുമോ 


യഥാസ്ഥിതികമാം  ആധുനികതയിൽ 
ഒഴുകിയകന്നൊരെൻ  ജീവിതത്തിൽ 
കണ്ണീർ തുടച്ചു  വീര്യം  പകർന്നു നീ 
ഈ  ജന്മം  മുഴുവൻ  തെളിക്കാൻ  വെളിച്ചവും 

സോദരൻ  തൻ  സ്നേഹപരിലാളനയും 
ആത്മസുഹൃത്തിൻ  നർമരസങ്ങളും 
വഴികാട്ടിതൻ ഉദേശശുദ്ധിയും 
മങ്ങാതെ  മായാതെ  എൻ  ഹൃദയത്തിൽ 
പതിച്ച  നിനക്കായി 
ഭാവുകങ്ങളേകുന്നു  പ്രാർത്ഥനാമഞ്ജരിയായി .....