2014 ജനുവരി 26, ഞായറാഴ്‌ച


ഇന്ന് 

അനന്തമാം ആഴിതൻ  അഗാതമാം തീരങ്ങൾ 
തഴുകി നിഷബ്ദമായൊഴുകുമൊരു 
ഹൃദയതാളത്തിൻ  സ്പന്ദനം
തുടിക്കുന്ന  ജീവപ്രസരിപ്പുകളെലാമേ
ഏകന്താമം  തടവറയിങ്കൽ  കേഴുന്നുവോ 

എന്നോ  കൈവിട്ടുപോയൊരാ കാലത്തിനോർമകൾ 
മനസ്സിൻ  ചെപ്പിലൊളിപ്പിച്ചു  മൗനമായ്
ഇന്ന്  യന്ത്രമായി  മരുമൊരു ലോകത്തിൽ 
പുതുതന്ത്രങ്ങൾ മെനയുന്നു  നിൻ  ബോധതലങ്ങളും 

മനുജനായി  ജനിച്ചതോർത്ത്  അഭിമാനപൂർവ്വം 
ഉദ്ഘോഷിക്കുമൊരു  കാലം  മാഞ്ഞതറിയാതെ 
ഇന്നു  മനുജനായി  ജീവിക്കാൻ 
കേഴുന്നു  മാനവഹൃദയങ്ങൾ  

സ്നേഹത്തിൻ  പുതുനിർവചനങ്ങളിൽ 
അലിഞ്ഞുപോയ്  ക്ഷമത്യാഗാദിഗുണങ്ങളും 
വൈകാരികമാം  അന്ധതയിൽ  ലയിച്ച്‌ 
ബന്ധങ്ങളെല്ലാമേ ശിഥിലമായി 

കോണ്‍ഗ്രീറ്റ്  മൂടിയൊരു  വഴിയോരങ്ങളിലെല്ലാമേ 
മണ്ണിൻ  മണംതേടി  അലയുന്നു  കുരുന്നുകൾ 
താപത്താൽ  ജ്വലിക്കും  കൂരയിൽനിന്ന് 
തണുവേറും  തണൽമരങ്ങൾ  തേടുന്നു  ഇളംപ്രാവുകൾ 

നഷ്ടമായൊരു  ജീവശ്വാസത്തിൻ  വിലയറിയാതെ
അംബരചുംബികൾതൻ അംബരങ്ങളിൽ  കയറി 
ഇന്നും സ്വയം  കെണിയൊരുക്കുന്നു 
മനുജനല്ലാതായി  മാറിയ മാനവൻ... 

2014 ജനുവരി 13, തിങ്കളാഴ്‌ച

മാതൃസ്മൃതിയിൽ 

താമരപോൽ  വിടർന്നുഷസ്സിൽ 
തുഹിനാർദ്രമാമെൻ  ഓർമകളും 
ഈറലിൽ  കുളിച്ചോരെൻ ജാലകവാതിലിൽ 
കണ്ടു  ഞാൻ  -- മായുന്ന 
ചന്ദ്രികശോഭയിൽ  തെളിയുന്ന  പുഞ്ചിരി ..

കരുണാമസൃണമാം  ആ  മിഴികൾ 
ചൊരിഞ്ഞുവോ  അമ്മിഞ്ഞപാലിൻ  മാധുര്യം 
ജ്ഞാനത്തിൻ  നിറകുടമാം  നാവിനാൽ 
മൊഴിഞ്ഞുവോ  ത്യാഗത്തിൻ  ആദ്യപാഠങ്ങൾ 
കരവിരുതേറും  നിൻ  കരങ്ങൾ 
തീർത്തെൻ  ഹൃദയത്തിൽ 
സ്നേഹത്തിൻ  അംബരചുംബികൾ..

എൻ  ഗതികളിൽ  വഴികാട്ടിയായി 
നേർജീവിതത്തിൻ  കാഴ്ചകൾ  ഏകി  നീ 
സോദരൻ  തൻ  ദുഖം പറയാതെ 
അറിയേണ്ടതെങ്ങനെയെന്നു  പഠിപ്പിച്ചതും 
കരയുന്നമുഖങ്ങളിൽ  ജഗദീശ്വരസാന്നിധ്യം 
വിളങ്ങുണന്നെന്നസത്യം  അറിയിച്ചതും 
നീ  തന്നെ  തായേ ..

നന്ദിയായി  മുകുളങ്ങളെത്രത്രെ 
നെയ്താലും  മതിവരായ്കയിൽ 
എന്തു  ഞാൻ തരേണ്ടു 
നിൻ  സ്നേഹവാല്സല്യങ്ങൾക്കുപരിയായി .

2014 ജനുവരി 11, ശനിയാഴ്‌ച

ബാല്യം 

ബാല്യമേ  സ്നേഹമേ ഓർക്കുന്നുവോ എന്നെ  നീ 
കുഞ്ഞിളം കൈകുമ്പിളിൽ സ്നേഹം പകർന്നതും 
ഒരുമിച്ചിരുന്നു സത്യം  പഠിച്ചതും --
ഒരു നാൾ പുല്കിയിരുന്നു  നമ്മൾ .
ഒരുപാടു മോഹങ്ങൾ  ഒരുപാടു സ്വപ്‌നങ്ങൾ 
എൻ  ഹൃദയത്തിൽ  ചാലിച്ചു കൊതിപ്പിച്ചു  നീ 
ഇന്നെവിടെയോ  പോയ്മറഞ്ഞ  നിൻ  മുഖം --
തേടിഅലഞ്ഞു  ഞാൻ  ഈ  എകാന്തഭൂവിൽ.

ഒരിളം കാറ്റായി  എന്നിലേക്കൊഴുകിയെത്തി   കൗമാരം 
പനിനീരിൻമുള്ളുപോൽ  എന്നെ  ഞെരിക്കുന്നു 
കൗമാരമോ ഇത് കലിയാമമോ 
കാലൻറെ  കാലത്തിൻ  മരിക്കാത്ത  സ്മൃതികളോ.. 
പരീക്ഷണങ്ങളായി  പരീക്ഷകൾ  --
തോൽവികൾ  മനസ്സിൻ  മുറിവായി.
പിരിഞ്ഞുപോയ്‌  ഭ്രാതാക്കൾ, 
അകന്നുപോയ്  സ്നേഹിതർ, 
തേനിൻ  മാധുര്യം  നുകരാൻ  പറന്നെത്തി  വണ്ടുകൾ 
വൈകാതെ  അവയും  യാത്രയായി.

തനിച്ചിരുന്നു  ഈഭൂവിൽ  ചിന്തകൾ  പെരുകുന്നു 
പോയ്പോകും  വസന്തത്തിൻ  തുഹിനാർദ്രമാം  ഓർമ്മകൾ 
മനസ്സിൻ  ഏടുകളിലിടം തേടുന്നു 
കാത്തിരിപ്പു  ഇന്നും  ഞാൻ 
വരുവാനില്ലന്നറിവിലും  പുതുവസന്തത്തിനായി ..

2014 ജനുവരി 10, വെള്ളിയാഴ്‌ച

 


അമ്മേ   പൊറുക്കുമോ ?

 അമ്മേ  നമിക്കുന്നു നിന്നെ ...
നിൻ പദാരവൃന്ദത്തെ പുൽകി ഞാൻ 
എൻ പാപത്തിൻ കണ്ണീർകണങ്ങളാൽ 
കഴുകാം നിൻ വൃണിതമാം കാലുകൾ. 
സ്വബുദ്ധിതൻ  അഹന്തയാൽ -- തവ 
ഹൃദയം  പിളർന്നു ഞാൻ-- 
പുകതുപ്പും ഭീമൻ കുഴലുകൾ 
കുത്തിയിറക്കി  നിൻ  മാറിടത്തിൽ.
എന്നും തുണച്ച നിൻ കരങ്ങളാം  മരങ്ങളെ, 
വെട്ടിയൊതുക്കി  ഞാൻ  മോടിയ്ക്കായി..
കത്തികരിച്ചു  നിൻ ഇടതൂർന്ന കൂന്തലും, 
ഈ  ലോകത്തിൻ അധിപനകാൻ. 
എല്ലാം  സഹിച്ചെൻ  പാപഭാരം ചുമന്ന  നിൻ--
ചുമലിൽ ദുഖത്തിൻ തീക്കനലേകി ഞാൻ - നന്ദിയായി .
എന്നും നല്ലതോതിയ നിൻ നാവ്-
മുറിച്ചു ഞാൻ  മാലിന്യസംഭരണിയ്ക്കായി,
വിറ്റു ഞാൻ നിൻ പാവനമാം മേനിയെ- 
കണ്ണഞ്ചിപ്പിക്കും`പിച്ചകാശിനായി. 
അമ്മേ...  പൊറുക്കുമോ ---എൻ ചെയ്തികൾ 
കുഷ്ഠിച്ച  മനസ്സുമായി നിൻ  സവിധേ  ഞാൻ- 
പ്രതിജ്ഞയായിയേകുന്നു,  കഠിനപാപത്തിൻ  പരിഹാരം 
മറക്കില്ല  ഒരിക്കലും,  എൻ  ജനനിയെ ഞാൻ --
ഇനി  പിളർക്കില്ല ..അവളുടെ ഹൃദയം ഒരിക്കലും .